അൽപം ചരിത്രം

സുന്ദരിയായ റോസാ പുണ്യവതി ജനിച്ച അതീവ സുന്ദരമായിരുന്ന ലീമാ നഗരത്തിലാണ് ഈ നീഗ്രോ പുണ്യവാന്റെ ജനനം. 1579 ഡിസംബർ ഒൻപതിന്. ജ്‌ഞാനസ്നാന സമയത്ത് ഇടവക വികാരി ഡോൺ ജൂവാൻ അന്തോണിയോ ഇങ്ങനെ എഴുതി” ഞാൻ മാർട്ടിനെസ്റ്റാനനപ്പെടുത്തി. അമ്മ അന്ന വെലാസ് ക്വെസ് ഹോരയാണ്. അപ്പൻ അജ്ഞാതൻ, ജ് ഞാനസ്നാന പിതാക്കൻമാർ ജൂവാനും അന്നാഡെയുമാണ്. സത്യത്തിൽ പിതാവ് വെള്ളക്കാരനായ ഡോൺ ജൂവാൻ ഡെ ്് പോറസ് പ്രഭുവാണന്ന് എവർക്കും അറിയാം. അമ്മ പനാമാ രാജ്യത്ത് നിന്നുള്ള ഒരു നീഗ്രോ യുവതിയായിരുന്നു. മാർട്ടിൻ അമ്മയെപ്പോലെ കറുത്തവനും. അഭിമാനിയായ പിതാവിന് അതു സഹിച്ചില്ല. വീട്ടുചിലവിന് പണം നൽകിയിട്ടയാൾ നാടുവിട്ടു. നിരാധാരാമായ കുടുംബം അമ്മ അന്ന കഷ്ടപ്പെട്ട് വേലയെടുത്ത് വളർത്തി. കൂട്ടുകാർ ചാടിത്തിമർക്കുമ്പോൾ മാർട്ടിൻ വി.സെബസ്ത്യാനോസിന്റെ നാമത്തിലുളള ഇടവക പള്ളിയിൽ തറയിൽ മുട്ടുകൾ ഊന്നി പ്രാർത്ഥനയിലായിരുന്നു. അമ്മ അവന് നൽകിയ ഭക്ഷണവും വസ്ത്രവും അവൻ പാവങ്ങൾക്ക് നൽകി.

8 വർഷങ്ങൾക്ക് ശേഷം പിതാവ് ഡോൺ തിരിച്ചെത്തി. നീതിസൂര്യനായ ക്രിസ്തുവിൽ എല്ലാ നിറങ്ങളും ഒന്നാകുന്നുവെന്ന്, വിവേചനം മനുഷ്യന് ചേർന്നതല്ല എന്നദ്ദേഹം മനസ്സിലാക്കി. മാർട്ടിന്റെ സൽഗുണങ്ങൾ തിരിച്ചറിഞ്ഞ പിതാവ് മക്കൾ രണ്ടു പേരേയും ഇക്വഡോറിൽ എത്തിച്ച് ഇളയച്ചന്റെ ഒപ്പം താമസിപ്പിച്ചു പഠിപ്പിച്ചു. പത്താമത്തെ വയസ്സിൽ മാർട്ടിൻ അമ്മയുടെ അടുക്കൽ തിരികെ എത്തി. പതിമൂന്നാമത്തെ വയസ്സിൽ വൈദ്യം പഠിക്കാനായി പട്ടണത്തിലെ ഒവൈദ്യനോടൊപ്പം കൂടി. വളരെ പെട്ടന്ന് തന്നെ അവൻ ഔഷധങ്ങൾ തയ്യാറാക്കാനും രോഗനിർണ്ണയത്തിനുമുള്ള കഴിവ് നേടി.

തിരക്കൊഴിയുമ്പോൾ രാത്രിയുടെ നിശബ്ദതയിൽ ഏവരും ഉറക്കത്തിലമർന്നു കഴിയുമ്പോൾ തിരിവെട്ടത്തിൽ സദ് ഗ്രന്ഥങ്ങൾ മാർട്ടിൻ വായിക്കുമായിരുന്നു. പതിനഞ്ചാം വയസ്സിൽ ഡോമിനിക്കൻ സന്യാസസഭയിൽ ചേർന്നു ഒരു അൽമായ മൂന്നാംസഭ സഹോദരനായി സ്നേഹത്തോടും ക്ഷമയോടും കൂടെ രോഗികളെ നിറമനസ്സോടെ പരിചരിച്ചു. മാർട്ടിന്റെ ഉപവിയും എളിമയും പ്രാർത്ഥനയിലുള്ള തീക്ഷ്ണതയും തിരിച്ചറിഞ്ഞ് ഒൻപത് വർഷം പിന്നിട്ടു കഴിഞ്ഞപ്പോൾ അദ്ദേഹത്തെ സഹോദരനായി വ്രതവാഗ്ദാനം ചെയ്യാൻ അനുവദിച്ചു.
പകൽ രോഗീശുശ്രൂഷയും രാത്രിയിൽ പ്രാർത്ഥനയിലും പ്രായശ്ചിത്തത്തിലുമായി അദ്ദേഹം സമയം വിനിയോഗിച്ചു.

ആഫ്രിക്കയിൽ നിന്നു വന്ന അടിമ സഹോദരങ്ങൾക്കായി ഒരു ശുശ്രൂഷാ ഭവനം മാർട്ടിൻ സ്ഥാപിച്ച് അവിടെ അനേകരെ രക്ഷിച്ചു. നല്ല സംഖ്യ ദാനധർമ്മം ചെയ്യാനായി ആഴ്ച തോറും മാർട്ടിൻ ധനികരുടെ അടഞ്ഞ വാതിലുകളിൽ നിരന്തരം മുട്ടി. തുറക്കാതിരുന്ന പല വാതിലുകളും പിന്നീട് തുറക്കപ്പെട്ടു. ജനം മാർട്ടിനെ ” ഉപവി സഹോദരൻ ” എന്നു വിളിച്ചു. 45 വർഷം സേവനനിരതമായ ഉപവി ജീവിതം ആശ്രമത്തിൽ ദീർഘിച്ചു. തന്റെ സ്പർശനം കൊണ്ട് തന്നെ അദേഹം കുരിശടയാളം വരച്ച് അൽഭുതങ്ങൾ ചെയ്തു മാർട്ടിൻ. ആശ്രമപ്പള്ളിയുടെ മുമ്പിലുള്ള ക്രൂശിതരൂപത്തിന് സമീപം നിന്നപ്പോൾ കർത്താവിനെ പാദം വരെ മാർട്ടിൻ ഭൂമിയിൽ നിന്ന് ഉയർന്ന് നിൽക്കുന്നതായി ദൃക്സാക്ഷികൾ സാക്ഷ്യപ്പെടുത്തുന്നു.

60 മത്തെ വയസ്സിൽ മാർട്ടിൻ മരിക്കുമ്പോൾ ലീമാ പട്ടണം വിലപിച്ചു. പെറുവിലെ വൈസ് റോയിയും രണ്ട് മെത്രാൻമാരുംമാണ് ശവമഞ്ചം വഹിച്ചത്.

കപ്പേളയുടെ ആരംഭം

Saint Martin’s chapel Mannamplavu

1962 ലാണ് വിശുദ്ധന്റെ നാമകരണ കർമ്മങ്ങൾ നടത്തപ്പെട്ടത്. റോമിൽ അവ പുരോഗമിക്കുമ്പോൾ ചിറക്കടവ് താമരക്കുന്നിൽ മാർട്ടിന്റെ നാമത്തിൽ ഒരു തീർത്ഥാടന പള്ളി പണിയുന്നതിനുള്ള നടപടികൾക്കും തുടക്കമായി. മണ്ണംപ്ലാവ് കവലയിൽ തോമസ് ചാണ്ടി താമരക്കുന്നേൽ കപ്പേള പണിയുന്നതിനുള്ള സ്ഥലം നൽകി. പൊതു ജനങ്ങൾ അകമഴിഞ്ഞ് സംഭാവനകൾ പണമായും പണിയായും നൽകി നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ജെ.ജോസഫ് ഒറ്റപ്ലാക്കൽ അവർകൾ നിർല്ലോഭമായ സഹായം നൽകി പണികൾ പൂർത്തിയാക്കി. വികാരിയായിരുന്ന ബഹു. ജോസഫ് ഓണംകുളം വി. മാർട്ടിന്റെ നാമത്തിൽ കുരിശു പള്ളി വെഞ്ചരിച്ചു . പിന്നീട് വന്ന ഫാ.സിറിയക് കോട്ടയരുകിൽ ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് വി. കർബാനയും നോവേനയും ആരംഭിച്ചു.

വാഹനസൗകര്യങ്ങൾ ഒന്നുമില്ലാതിരുന്ന ആ നാളുകളിൽ വളരെ ദൂരെയുള്ള സ്ഥലങ്ങളിൽ നിന്നു പോലും വി. മാർട്ടിന്റെ മാധ്യസ്ഥം തേടി വിശ്വാസികൾ നടന്നെത്തിയിരുന്നു. കപ്പേളയുടെ നിർമ്മാണ സമയത്ത് കല്ലു കെട്ടിനായി വാനം എടുത്തപ്പോൾ പിറവിയെടുത്ത നീരുറവ വറ്റാതെ വരളാതെ വർഷങ്ങളോളം പൊതുജനത്തിന് ദാഹശമനത്തിനുളള മാർഗ്ഗമായിരുന്നത് ഇന്നും സംരക്ഷിക്കപ്പെട്ട് ഉപയോഗിച്ചു വരുന്നു. വി. മാർട്ടിന്റെ എളിമ, ഉദാരത, ഉപവി, ജീവകാരുണ്യ നൻമ എന്നിവ ഇന്നും ബഹുജനശ്രദ്ധയെ ചിറക്കടവ് മണ്ണംപ്ലാവ് കുരിശു പള്ളിയിൽ എത്തിക്കുന്നു. തിരുന്നാൾ സമാപനദിനം ഇടവകാംഗങ്ങൾ എല്ലാവരും ചേർന്നു തയ്യാറാക്കി വിതരണം ചെയ്യുന്ന പുഴുക്ക് നേർച്ചയിലും ബഹുജനം പങ്കെടുക്കുന്നു. വി. മാർട്ടിന്റെ സാന്നിധ്യവും മാധ്യസ്ഥവും നമ്മെ കൂടുതൽ ധന്യരാക്കട്ടെ.