St Ephrem the saint statue

ഇടവക ദേവാലയത്തിൽ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ അപ്രേമിന്റെ തിരുസ്വരൂപം

ജനനവും ബാല്യവും

മാർ അപ്രേം ജനിച്ചത് റോമൻ സാമ്രാജ്യത്തിൻറ അതിർത്തി പ്രദേശമായ നിസിബിസിലാണ്. (ഇപ്പോഴത്തെ നുസ്സയ്ബിൻ – Nuzeybin ) പുരാതന കാലത്ത് അതിപ്രസിദ്ധമായ ഒരു വ്യാപാരകേന്ദ്രമായിരുന്നു നിസിബിസ്. യുദ്ധതന്ത്രപരമായും അതിനു വലിയ പ്രാധാന്യം ഉണ്ടായിരുന്നു. തന്നിമിത്തം ഈ നഗരത്തിൻമേൽ ആധിപത്യം ഉറപ്പിക്കുവാൻ സമീപസ്ഥരായ റോമാക്കാരും പേർഷ്യകാരും തമ്മിൽ കൂടെക്കൂടെ യുദ്ധങ്ങൾ ഉണ്ടാവുകയും ആധിപത്യം മാറുകയും ചെയ്തിരുന്നു. അപ്രേമിന്റെ കാലത്തു റോമാക്കാരുടെ കൈവശമായിരുന്നു നിസിബിസ്.

അപ്രേം ജനിച്ചത് റോമൻ ചക്രവർത്തിയായ കോൺസ്റ്റന്റയിനിന്റെ കാലത്തും, ക്രിസ്തുവർഷം 306-നോടടുത്താണന്നു കരുതിപ്പോരുന്നു. വിശുദ്ധന്റെ മാതാപിതാക്കൾ അക്രൈസ്തവരായിരുന്നു എന്നു മേല്പറഞ്ഞ സുറിയാനി ചരിത്രത്തിൽ കാണുന്നുണ്ട്. എന്നാൽ അതു ശരിയല്ല എന്നും മാതാപിതാക്കന്മാർ രണ്ടുപേരും ക്രൈസ്തവരായിരുന്നു എന്നും അപ്രേമിന്റെതന്നെ വാക്കുകളിൽനിന്നു മനസ്സിലാക്കാം.

‘കന്യാത്വത്തെക്കുറിച്ച്’ അപ്രേം എഴുതിയ ഗാനസമുച്ചയത്തിൽ ഇപ്രകാരം കാണുന്നു. ‘നിന്റെ സത്യം ചെറുപ്പത്തിൽ എന്നോടുകൂടെ ഉണ്ടായിരുന്നു; വാർദ്ധക്യത്തിലും അതെന്നോടുകൂടെയുണ്ട്.’

‘പാഷണ്ഡതകൾക്കും എതിരേ’ എന്ന ഗാനസമുച്ചയത്തിൽ അപ്രേം പറയുന്നു: “രണ്ടും കത്താവിന്റേതാണ്. ഞാൻ ലോകത്തിലേയ്ക്കു വന്ന സമയവും അതിൽ നിന്നു പോകുന്ന സമയവും, നിൻറെ സത്യത്തിന്റെ മാർഗ്ഗത്തിൽ ഞാൻ ജാതനായി; ശൈശവത്തിൽ അതു ഞാൻ ഗ്രഹിച്ചില്ല. പരിശോധകനായി കണ്ടറിഞ്ഞപ്പോൾ ഞാനതിനെ നേടി. മതിമയക്കുന്ന മാർഗങ്ങൾ എനിക്കും എതിരെ വന്നപ്പോൾ എന്റെ വിശ്വാസം അവയെ തിരസ്ക്കരിച്ചു.”

അപ്രേമിന്റെ ഒരു ആത്മാവിഷ്ക്കരണം ( Confession) ഗ്രീക്കു വിവർത്തനത്തിലൂടെ നമുക്കും ലഭിച്ചിട്ടുണ്ട്. അതിൽ വിശുദ്ധൻ തന്റെ മാതാപിതാക്കന്മാരെക്കുറിച്ചു പറയുന്നു: “എന്റെ മാതാപിതാക്കന്മാർ ചെറുപ്പത്തിൽത്തന്നെ മിശിഹായേക്കുറിച്ച് എന്നെ പഠിപ്പിച്ചു. എൻറ മാതാപിതാക്കന്മാർ ന്യായാധിപസമക്ഷം വിശ്വാസപ്രഖ്യാപനം ചെയ്തവരാണ്. അതേ, അവർ രക്തസാക്ഷികളോടു ബന്ധപ്പെട്ടവരാണ്. ” വിശുദ്ധന്റെ പിതാവിന്റെ പേരും യൗസേപ്പ് എന്നാണെന്ന് ഒരു ഗ്രന്ഥത്തിൽ കണുന്നു.

ജ്ഞാനസ്നാനവും ഡീക്കൻ പദവിയും

അപ്രേം പതിനെട്ടാമത്തെ വയസ്സിലാണു മാമ്മോദീസാ സ്വീകരിച്ചത്. അക്കാലത്ത്, സാധാരണമായി മാമ്മോദീസാ നല്കിയിരുന്നത്, പ്രായപൂർത്തിവന്ന് വിശ്വാസസത്യങ്ങൾ പഠിച്ചതിനുശേഷമാണു്. നിസിബിസിലെ മെത്രാൻ, മാർ യാക്കോബിന്റെ ഭവനത്തിൽ താമസിച്ചുകൊണ്ട് അപ്രേം മതതത്ത്വങ്ങൾ പഠിക്കുകയും അദ്ദേഹത്തിൽനിന്നുതന്നെ മാമ്മോദീസ സ്വീകരിക്കുകയും ചെയ്തു. മാമ്മോദീസായോടൊപ്പം മാർ യാക്കോബ് തന്നെ ഡീക്കൻപദവിയും കൊടുതെന്ന് വിശ്വസിച്ചു പോരുന്നു.

നിസിബിയൻ സ്കൂളിൽ

അപ്രേമിന്റെ അസാധാരണമായ ബുദ്ധിസാമർത്ഥ്യവും സുകൃതനിഷ്ഠയും മനസ്സിലാക്കിയ മാർ യാക്കോബ്, താൻ തന്നെ സ്ഥാപിച്ചു നടത്തിയിരുന്ന നിസിബിയൻകൂളിലേയ്ക്ക് അവനെ അയച്ചു. അവിടെ അവൻ പഠനത്തിൽ അതിവേഗം പുരോഗമിക്കുകയും, അചിരേണ അതിപ്രഗത്ഭരായ അധ്യാപകരിലൊരാളായി ഉയരുകയും ചെയ്തു. വേദപുസ്തകം പഠിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുക, പ്രചാരത്തിലിരിക്കുന്ന പാഷണ്ഡതകൾക്കെതിരേ പോരാടുക ഇവ രണ്ടുമായിരുന്നു സ്കൂളിൻറെ പ്രധാനമായ പ്രവർത്തനങ്ങൾ.

ഡീക്കൻ എന്ന നിലയിൽ അപ്രേമിന്റെ കർത്തവ്യങ്ങൾ മതാധ്യാപനം നടത്തുക, മാമ്മോദീസാ നൽകുക, ആരാധന ക്രമാനുഷ്ഠാനങ്ങൾക്കും സജ്ജീകരണങ്ങൾ ചെയ്യുക മുതലായവയായിരുന്നു. നല്ലൊരു ഭാഷാപണ്ഡിതനും കവിയുമായിരുന്ന അപ്രേം ആരാധനക്രമങ്ങൾക്കുവേണ്ടിയാണ് ഗാനങ്ങൾ മിക്കവയും രചിച്ചത്. പേർഷ്യൻ ചക്രവർത്തിയായ ഷപൂർ നിസിബിസിനെതിരെ നടത്തിയ മൂന്നാക്രമണങ്ങളെയും ചെറുത്തു തോല്പിക്കുവാൻ അപ്രേമിന്റെ പ്രോത്സാഹനം ജനങ്ങളെ വളരെയധികം സഹായിച്ചിട്ടുണ്ട്.

എദേസയിൽ

363-ൽ പേർഷ്യക്കാരുമായുണ്ടായ യുദ്ധത്തിൽ റോമൻ ചക്രവർത്തി ജൂലിയൻ പരാജയപ്പെട്ടതിനാൽ നിസിബിസ് പേഷ്യക്കാരുടെ അധീനതയിലായി. ഉഗ്രമായ മതപീഡനം ഉണ്ടാകുമെന്നു ഭയപ്പെട്ട് നിസിബിസിലെ ക്രൈസ്തവർ റോമൻ പ്രവിശ്യകളിൽ അഭയം തേടി. അപ്രേം നിസിബിസിലെ സഹപ്രവർത്തകരോടും ശിഷ്യന്മാരോടുമൊത്തും എദേസയിലാണ് ചെന്നെത്തിയത്. ‘എദേസയിലെ ഡിക്കൻ’ എന്ന അപരനാമം അന്വർത്ഥമാക്കുമാറ് അപ്രേമിന്റെ അടുത്ത പത്തുവർഷത്തെ സജീവപ്രവർത്തനങ്ങൾ ഈ പട്ടണത്തിലായിരുന്നു. എദേസൻ കുന്നിലെ താപസൻമാരുടെ സഹായത്തോടുകൂട ഏകാന്തവാസത്തിനും ഒരു സ്ഥലം അദ്ദേഹം കണ്ടെത്തി. വി. ഗ്രന്ഥങ്ങൾ പഠിക്കുന്നതിനും വ്യാഖ്യാനങ്ങൾ എഴുതുന്നതിനും വേണ്ടി ഒരു വിദ്യാപീഠം അദ്ദേഹം എദേസയിൽ സ്ഥാപിച്ചു. പത്തുവർഷത്തോളം ഈ സ്കൂളിന്റെ പ്രവർത്തനങ്ങൾക്കു നേതൃത്വം നല്കിയത് അപ്രമാണു്.

അപ്രേം ഏകാന്തവാസം ഇഷ്ടപ്പെട്ടിരുന്നെങ്കിലും ജനങ്ങളുടെ ആധ്യാത്മിക ജീവിതത്തിനും ഭൗതികോൽക്കർഷത്തിനും പ്രതിബന്ധമുണ്ടാകുമ്പോൾ കർമ്മനിരതനായി രംഗത്തിറങ്ങുമായിരുന്നു. വിശുദ്ധൻറെ സാന്നിധ്യവും പ്രോത്സാഹനവും ഏതു പ്രതിസന്ധിയെയും ചെറുത്തു, വിശ്വാസത്തിൽ ഉറച്ചുനില്ക്കുവാൻ വിശ്വാസികൾക്കു ശക്തി നല്കിയിരുന്നു. ആരിയൂസിന്റെ പാഷണ്ഡതയെ അംഗീകരിച്ചിരുന്ന വാലൻ്റസ് ചക്രവർത്തി എദേസയുടെ നേർക്കും ഉപരോധം ഏപ്പെടുത്തിയപ്പോൾ അദ്ദേഹത്തിനെതിരേ ചെറുത്ത് നില്ക്കുവാൻ വൈദികർക്കും വിശ്വാസികൾക്കും വിശുദ്ധൻ പ്രചോദനം നൽകി.

എദേസയിൽ സമാധാനം പുനഃസ്ഥാ പിതമായപ്പോൾ വിശുദ്ധൻ ഏകാന്തവാസത്തിനായി വീണ്ടും തന്റെ കുടിലിലേക്കു പോയി. എന്നാൽ അധികംനാൾ കഴിയുന്നതിനു മുൻപ്, എദേസയിലുണ്ടായ അത്യുഗ്രമായ ക്ഷാമവും തുടർന്നുവന്ന രോഗബാധകളും ഏകാന്തതയിൽ കഴിയുവാൻ അദ്ദേഹത്തെ അനുവദിച്ചില്ല. ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി അപ്രേം രംഗത്തിറങ്ങി. ആവശ്യത്തിലധികം ധാന്യങ്ങൾ സൂക്ഷിച്ചുവച്ചിരുന്ന ധനികരുടെ അറകൾ അദ്ദേഹം തുറപ്പിച്ചു; രോഗികളെ ശുശ്രൂഷാസ്ഥലങ്ങളിൽ എത്തിക്കാനും മരിക്കുന്നവരെ ശവസംസ്കാരകകേന്ദ്രങ്ങളിൽ കൊണ്ടുപോകുന്നതിനുമായി മുന്നുറോളം മഞ്ചലുകൾ ഉണ്ടാക്കിച്ചു. ഈ പ്രവർത്തനങ്ങൾ സമീപപ്രദേശങ്ങളിലേയ്ക്കും അദ്ദേഹം വ്യാപിപ്പിക്കുകയുണ്ടായി.

മരണം

കുറെ നാളുകൾ കഴിഞ്ഞപ്പോൾ രോഗ ബാധകൾ നീങ്ങുകയും ക്ഷാമത്തിൻറ കെടുതികൾ കുറഞ്ഞ് സമൃദ്ധിയുടെ കാലം ആരംഭിക്കുകയും ചെയ്യുന്നതു കണ്ടതോടെ വിശുദ്ധൻ എദേസൻകുന്നിലുള്ള തൻറ വാസസ്ഥലത്തേയ്ക്കു തിരികെപ്പോയി. എന്നാൽ അവിടെ ഏറെനാൾ താമസിക്കുവാൻ ആരോഗ്യം അദ്ദേഹത്തെ അനുവദിച്ചില്ല ആതുരപരിചരണത്തിനുവേണ്ടി ചെയ്ത് വിശ്രമരഹിതമായ സേവനങ്ങൾ അദ്ദേഹത്തിന്റെ ആരോഗ്യത്തിനു കനത്ത ആഘാതം ഏല്പിക്കുകയുണ്ടായി. ജീവിതാന്ത്യം അടുത്തുവരുന്നതു മനസ്സിലാക്കിയ അദ്ദേഹം തന്റെ ശിഷ്യന്മാർക്കു ഉപദേശം നല്കുന്നതിനും തന്റെ സത്യവിശ്വാസം പ്രഖ്യാപിക്കുന്നതിനുമായി മരണപത്രിക എഴുതിയെന്നും ‘സുറിയാനി ജീവചരിത്രത്തിൽ’ കാണുന്നു. തന്നെ സന്ദർശിക്കാൻ വന്ന എല്ലാവവേണ്ടി അദ്ദേഹം പ്രാത്ഥിക്കുകയും അവരെ ആശീർവ്വദിക്കുകയും ചെയ്തു. മരണ ശേഷം തന്നെ സ്വന്തം വസ്ത്രത്തിൽത്തന്നെ, പരദേശികളുടെ ശ്മശാനസ്ഥലത്തു സംസ്ക്കരിക്കണമെന്നു ശിഷ്യഗണത്തോടു അദ്ദേഹം ശപഥപൂർവ്വം അഭ്യിച്ചു. 373 ജൂൺ 9-ാം തീയതി 67-ാമത്തെ വയസിൽ വിശുദ്ധൻ തന്റെ ആത്മാവിനെ ദൈവത്തിനു സമർപ്പിച്ചു. എദേസൻ പുരാവൃത്തങ്ങളിലും മാറു പല രേഖകളിലും ഈ തീയതിതന്നെയാണ് കാണുന്നത്. ചില രേഖകളിൽ ജൂൺ 15, 16, 18, 28 എന്നിങ്ങനെയും കാണുന്നു. പാശ്ചാത്യസഭയിൽ ജൂൺ 9-ാം തീയതി വിശുദ്ധന്റെ ഓർമ്മ ആചരിച്ചുവരുന്നു.

ശവസംസ്കാരം

മാർ അപ്രേമിന്റെ ശരീരം അദ്ദേഹത്തിന്റെ അഭിലാഷമനുസരിച്ച് ആഡംബരമൊന്നും കൂടാതെ സ്വന്തം വസ്ത്രങ്ങmളിൽ പരദേശികൾക്കായുള്ള ശ്മശാന സ്ഥലത്തുതന്നെ സംസ്ക്കരിച്ചു. എന്നാൽ അധികനാൾ കഴിയുന്നതിനു മുൻപ് എദേ സനിവാസികൾ വിശുദ്ധന്റെ പൂജാവ ശിഷ്ടങ്ങൾ അവിടെനിന്നു മാറ്റി എദേസൻകുന്നിലുള്ള വി. സർഗീസിന്റെ ദൈവാലയത്തിൽ മെത്രാന്മാർക്കായി തിരിച്ചിട്ടുള്ള സ്ഥലത്തു നിക്ഷേപിച്ചു.

‘പരിശുദ്ധാത്മാവിന്റെ വീണ’, ‘സുറിയാനിക്കാരുടെ പ്രവാചകൻ’, ‘മഹാഗുരു’, ‘വിജ്ഞാനദീപിക’, ‘സഭസ്തംഭം’ ഇത്യാദി ശ്രേഷ്ഠനാമങ്ങളാൽ ബഹുമാനിക്കപ്പെട്ടുവന്ന മാർ അപ്രേമിനെ 15-ാം ബനഡിക്ട് മാർപ്പാപ്പ 1820 ഒക്ടോബർ 5-ാം തീയതി ‘അപ്പസ്തോല രുടെ തലവനായ പത്രോസിന്’ എന്നു തുടങ്ങുന്ന ചാക്രികലേഖനം വഴി സാവിത്രിക സഭയുടെ വേദപാരംഗതനായി പ്രഖ്യാപിച്ചു.

മാർ അപ്രേമിന്റെ കൃതികൾ

കരകാണാത്ത സമുദ്രത്തിന്റെ വ്യപ്തിയോടും വിശുദ്ധന്റെ കൃതികളെ ഉപമിച്ചിരിക്കുന്നു. വിശുദ്ധൻ ഗദ്യത്തിലും പദ്യത്തിലും കൃതികൾ രചിച്ചിട്ടുണ്ട്. ഗാനങ്ങളായിത്തന്നെ മുപ്പത് ലക്ഷത്തിലധികം ശ്ലോകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ടെന്ന് ചിലർ അഭിപ്രായപ്പെടുന്നു. കയ്യെഴുത്തുപ്രതികളിൽ സൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ കൃതികളിൽ പലതും നഷ്ടപ്പെട്ടുപോയിട്ടുണ്ട്. എങ്കിലും പല കൃതികളും ഇനിയും വെളിച്ചത്തുവരുവാൻ സാധ്യത ഇല്ലാതില്ല. ഈജിപ്റ്റിൽ അലക്സാണ്ഡ്രിയയ്ക്കടുത്തുള്ള നീട്രിയൻ (Nitrian) താഴ്വാരത്ത് കോപ്റ്റിക് സന്ന്യസികളുടെ ആശ്രമങ്ങളിൽ സുറി കയ്യെഴുത്തുപ്രതികൾ പലതും സൂക്ഷിച്ചുവരുന്നുണ്ട്. അകത്തോലിക്കാ വിഭാഗത്തിൽപ്പെട്ട പ്രസ്തുത സന്ന്യാസികൾ അവ മറ്റുള്ളവരെ കാണിക്കാൻ പോലും വൈമനസ്യം പ്രകടിപ്പിക്കുന്നു. കഴിഞ്ഞ ശതാബ്ദത്തിന്റെ ഉത്തരാർത്ഥത്തിൽ മാർപാപ്പയുടെയും ബ്രിട്ടീഷ് ഗവൺമെൻറിൻറെയും പരിശ്രമങ്ങളുടെ ഫലമായി കുറെകയ്യെഴുത്തുപ്രതികൾ നേടുവാൻ സാധിച്ചു. അവയിൽ ഉൾപ്പെട്ടതാണ്, വിലപ്പെട്ട ചരിത്രരേഖയായ നിസിബിയൻ ഗാനങ്ങളുടെ കയ്യെഴുത്തുപ്രതി. ഇതു പോലുള്ള കൃതികൾ അവരുടെ ലൈബ്രറിയിൽ ഇനിയും കാണുവാൻ ഇടയുണ്ട്.

ദൈവശാസ്ത്രപരമായ പ്രതിപാദനങ്ങളായിട്ടല്ല അപ്രേം കൃതികൾ രചിച്ചത് എന്നാൽ ദൈവശാസ്ത്രം മുഴുവൻ തന്നെയും അവയിലുണ്ട്. പരിശുദ്ധത്രിത്വം, ദിവ്യരക്ഷകൻ, വി. കുർബാന, പരിശുദ്ധ ജനനി, പത്രോസിന്റെ പരമാധികാരം, മാമോദീസാ, ശുദ്ധീകരണസ്ഥലം മുതലായ വിഷയങ്ങളെകുറിച്ച് എല്ലാം അദ്ദേഹം പ്രതിപാദിക്കുന്നു. വിശുദ്ധ കുർബാനയും പരിശുദ്ധ കന്യകയും ആണ് അദ്ദേഹത്തിൻറെ ഏറ്റവും പ്രിയങ്കരമായ വിഷയങ്ങൾ. ഇവ രണ്ടിനെയും കുറിച്ച് മിക്ക ഗാനങ്ങളിലും സന്ദർഭം ഉണ്ടാക്കി പ്രതിപാദിക്കുന്നത് കാണാം. ‘മരിയൻ വേദശാസ്ത്രജ്ഞൻ’ എന്ന അപരനാമം ലഭിക്കത്തക്കവിധം പരിശുദ്ധകന്യകയെക്കുറിച്ചു അത്രയധികം അദ്ദേഹം എഴുതിയിട്ടുണ്ട്. ദൈവ ജനനിയുടെ അമലോദ്ഭവത്തെക്കുറിച്ചുള്ള പ്രസ്താവന പ്രഥമത: നാം കാണുന്നത് അപ്രേമിന്റെ കൃതിയായ ‘നിസ്സിബിയൻ ഗാനങ്ങളിലാണ്’. “എന്റെ കർത്താവേ, നിന്നിലൊരു കളങ്കവുമില്ല; നിന്റെ അമ്മയിൽ ഒരു മാലിന്യവുമില്ല” എന്നതാണു ചരിത്രപ്രസിദ്ധമായ ആ വാക്യം.

വിശുദ്ധന്റെ കൃതികളുടെ ഒരു സവിശേഷത അവയിലുള്ള വേദപുസ്തകപരാമർശനങ്ങളുടെ ബഹുലതയാണ്. വേദപുസ്തകം മുഴുവൻ അദ്ദേഹത്തിനു ഹൃദിസ്ഥമായിരുന്നു വെന്നുതോന്നും, അതിലെ സംഭവങ്ങളും മററും ധാരാളമായി പ്രയോഗിക്കുന്നതുകണ്ടാൽ.

അവലംബം – ശതാബ്ദിസ്മരണിക 1892 – 1992